Saturday, June 25, 2011

നിര്യാതയായി....

വാര്‍ത്ത / ചരമം

ഏച്ചൂര്‍: വട്ടപ്പോയില്‍ ഷാഹിദ മന്‍സില്‍ ‍ചിരികണ്ടോത് ആയിഷ(72)നിര്യാതയായി.പരേതനായ മുഹമ്മദ്‌ ഹാജി ആണ് ഭര്‍ത്താവ്.മക്കള്‍:അബ്ദുല്‍ ഖദര്‍,ബഷീര്‍(വ്യാപാരം,ചാലോട്),ഹമീദ്‌(ബംഗലൂര്),ശാഹിദ.
മരുമക്കള്‍:ബഷീര്‍(വ്യാപാരം,വാരം),റംലത്ത്,ഹഫ്സത്ത്,റാബിയ.സഹോദരങ്ങള്‍:പരേതയായ ഖദീസുമ്മ,മുഹമ്മദ്‌(റിട്ട.പ്രധാന അദ്ധ്യാപകന്‍,കാപ്പാട് എല്‍.പി.സ്കൂള്‍),കുഞ്ഞഹമ്മദ്‌,ആസിമ്മ.

Friday, June 24, 2011

ചെമ്പിലോട് കോണ്‍ഗ്രസ്‌ ഓഫീസിനു നേരെ ആക്രമം....

വാര്‍ത്ത  / പ്രാദേശികം

ചെമ്പിലോട്: കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരായ ഒരു സംഘം ആളുകള്‍ ചെമ്പിലോട് കോണ്‍ഗ്രസ്‌ ഓഫീസും സമീപത്ത്‌ സ്ഥപിചിട്ടുണ്ടായിരുന്ന കൊടിമരവും സ്തൂപവും തല്ലിത്തകര്‍ത്തു.സംഭവത്തെ കുറിച്ച് ചക്കരക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഡി.സി.സി. നേതാക്കാന്മാരായ പി.രാമകൃഷ്ണന്‍,മമ്പറം ദിവാകരന്‍,എം.കെ മോഹനന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

നിര്യാതയായി....

വാര്‍ത്ത  / ചരമം

 പടന്നോട്ടുമെട്ട:പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ പള്ളിപ്രവാന്‍ ജാനകി അമ്മ(83)നിര്യാതയായി.
മക്കള്‍:ശ്രിമതി,വസന്ത(റിട്ട.പ്രധാന അദ്ധ്യാപിക,കൂടാളി ഹൈസ്കൂള്‍),ജയപ്രകാശ്‌(ഡല്‍ഹി),പ്രദീപ്‌(പ്രധാന അദ്ധ്യാപകന്‍,പുവൂര്‍ എല്‍.പി.സ്കൂള്‍),പ്രമീള(മുംബൈ),പരേതനായ മോഹന്‍.മരുമക്കള്‍:പി.കെ.ഡി.കുറുപ്പ്,കെ.പി.കുഞ്ഞിരാമന്‍,എ.ഇ.ശോഭന,പി.വസന്ത,സി.പി.സവിത,
എം.പി.വാസുദേവന്‍(കസ്റ്റംസ്‌,മുംബൈ).സംസ്കാരം പയ്യാമ്പലം ശ്മശാനത്.


Thursday, June 23, 2011

കണ്ണൂരില്‍ സൌജന്യ ഹൃദയ ശാസ്ത്രക്കിയ നടത്തുന്നു...

വാര്‍ത്ത /  ആരോഗ്യം

കണ്ണൂര്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയും ( KITS ) മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉം കൊയിലി ഹോസ്പിറ്റലിലെ ഹാര്‍ട്ട്‌ സെന്‍റെറുമായി ചേര്‍ന്ന് നിര്‍ധരരായ 15 പേര്‍ക്ക് സൌജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തികൊടുക്കുന്നു.ഇതിന്‍റെ മുന്നോടിയായുള്ള സ്ക്രീനിംഗ് ക്യാമ്പ്‌ ജൂലൈ പത്തിന് കൊയിലി ഹോസ്പിറ്റലില്‍ നടക്കുന്നതാണ്.
ഹൃദയ ശാസ്‌ത്രക്രിയ ആവശ്യമുള്ളവര്‍ കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റലിലോ കൊയിലി ഹോസ്പിറ്റലിലോ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അപേക്ഷകര്‍ കണ്ണൂര്‍  ജില്ലയില്‍ നിന്നുള്ളവരായിരിക്കണം.

ചെലോറയിലെ ട്രെഞ്ചിങ്ങ് ഗ്രൌണ്ടിലെ മോട്ടോര്‍ കത്തിയ സംഭവം. ജീവനക്കാരനെ സ്ഥലം മാറ്റി.

വാര്‍ത്ത  / പ്രാദേശികം

ചേലോറ:  ട്രെഞ്ചിങ്ങ് ഗ്രൌണ്ട് പരിസരവാസികള്‍ക്ക് ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച മോട്ടോര്‍ കത്തിയ സംഭവത്തില്‍ പമ്പിംഗ് ഓപ്പറേറ്റര്‍ പി.എം പ്രഭാകരനെ സ്ഥലം മാറ്റി. ഇവിടെയുള്ള മോട്ടോര്‍ കത്തിയതിനാല്‍ ശുദ്ധ ജല വിതരണം മുടങ്ങിയിരുന്നു.ഇതേ തുടര്‍ന്ന് പരിസരവാസികളും കര്‍മസമിതി അംഗങ്ങളും ചേര്‍ന്ന് നഗരസഭ അതികൃതര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മോട്ടോര്‍ കത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

നിര്യാതയായി...

വാര്‍ത്ത  / ചരമം

അഞ്ചരക്കണ്ടി:പരേതനായ വാഴയില്‍ പത്തുക്കാലന്‍ ആബു ഹാജിയുടെ ഭാര്യ ഒ.വി.ഖദീജ ഹജ്ജുമ്മ (87)നിര്യാതയായി.മക്കള്‍ : ഒ.വി.കുഞ്ഞാച്ചു,കുട്ടി ഹസ്സന്‍ (റിട്ട.ലക്ചര്‍ ഗവ.പോളി ടെക്നിക് കണ്ണൂര്‍),മൂസ്സ(റിട്ട. പ്രധാന അദ്ധ്യാപകന്‍ അഞ്ചരക്കണ്ടി മാപ്പിള എല്‍.പി സ്കൂള്‍),മറിയം,സഫിയ,മുഹമ്മദ്‌(കച്ചവടം,ശ്രീകണ്ടാപുരം),നബീസ്സ,ആയിഷ.
കബറടക്കം  വ്യാഴാഴ്ച രാവിലെ പാളയം ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍.
 

പ്രവാസികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം.....

 വാര്‍ത്ത / പ്രവാസം

കണ്ണൂര്‍: താഴ്ന്ന വരുമാനക്കാരായ പ്രവാസികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന്  കേരള പ്രവാസി ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ജീവിത പ്രാരാബ്ധങ്ങള്‍ കാരണമാണ് ഇവര്‍ പ്രവാസികളായി മാറുന്നത്.ഇവരില്‍ തന്നെ ഭൂരിഭാഗവും ചെറിയ ശമ്പളത്തില്‍ പണി എടുത്ത് കുടുംബം പോറ്റുന്നവരാണ്.പ്രവാസികളാണെന്നതിന്‍റെ പേരില്‍ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് മുജീബ്‌ റഹിമാന്‍ പഴയങ്ങാടി അധ്യക്ഷത വഹിച്ചു.ഉബൈദ്‌,കസ്തൂരി രാജേന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.ജൂലൈയില്‍ മെമ്പര്‍ഷിപ്പ്‌ കാമ്പൈന്‍ നടത്താന്‍ തീരുമാനിച്ചു.

ഡിഗ്രി കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവ്‌....

വാര്‍ത്ത  / വിദ്യാഭ്യാസം

മയ്യില്‍:ഐ.ടി.എം ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ് കോളേജില്‍ ബി.എസ്.സി (ഫിസിക്സ്‌),ബി.കോം.,ബി.ബി.എം. എന്നീ ഡിഗ്രി കോഴ്സുകള്‍ക്ക് പുതിയ അധ്യയന വര്‍ഷത്തേക്ക് സീറ്റ് ഒഴിവുണ്ട്.എസ്.സി.,എസ്,ടി.,ജനറല്‍ എന്നീ വിഭാഗത്തിലേക്കാണ് സീറ്റ്‌ ഒഴിവുള്ളത്.കോഴ്സിനു ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 27 നു കോളേജ് ഓഫീസില്‍ ഹാജരാവണം.

അനിശ്ചിത കാല നിരാഹാര സമരം : പ്രചാരണ ജാഥയ്ക്ക് തുടക്കം....

വാര്‍ത്ത  / പ്രാദേശികം

ചക്കരക്കല്‍ : അനധികൃത ബാറിനെതിരെ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ ഭാഗമായി നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം ഈ മാസം 24-നു കാലത്ത്‌ 9.00 മണിക്ക് കുടിക്കിമൊട്ടയില്‍.
ചാലോട്,അഞ്ചരക്കണ്ടി,കാവിന്മൂല,എച്ചുര്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനു  ശേഷം ജാഥ ചക്കരക്കല്ലില്‍ സമാപിക്കും.മദ്യ നിരോധന സമിതിയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ഈ മാസം 26-നു ആണ് നിരാഹാര സമരം ആരംഭിക്കുന്നത്.


നിര്യാതനായി....

വാര്‍ത്ത  / ചരമം

മാണിയൂര്‍:കൂവച്ചിക്കുന്ന് കുനിയില്‍ ചന്തുപണിക്കരുടെയും എം.പി.നാണിയുടെയും മകന്‍ പ്രശാന്തന്‍(38) അന്തരിച്ചു. സി.പി.എം കാവുന്‍ച്ചാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം,മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ പ്രസിഡണ്ട്,മാണിയൂര്‍ ക്ഷീരോല്‍പാദക സംഘം ഡയറക്ടര്‍ ബോര്‍ഡംഗം എന്നെ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഭാര്യ:സി.പി.വൈശ.മക്കള്‍:തീര്‍ഥ,തേജസ്സ്.സഹോദരങ്ങള്‍:
രാമകൃഷ്ണന്‍,ദിനേശന്‍(പട്ടാന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്),ഷാജി(ആര്‍,എസ്. ഇന്‍ഡസ്ട്രിസ് വില്ലേജ് മുക്ക്),ജയേഷ്.

ഹൃദയ സ്പര്‍ശിയായ S M S - കള്‍........

ബ്ലോഗ്‌ /ഫലിതം

ടീച്ചര്‍ : ബീരാനെ പുസ്തകം വാങ്ങിയോ ?

ബീരാന്‍ : അടക്ക  ബിറ്റിട്ട് മാങ്ങ.

ടീച്ചര്‍ : ഫീസ്‌ അടച്ചോ ?

ബീരാന്‍ : മാങ്ങ ബിറ്റിട്ട് അടക്ക.


Wednesday, June 22, 2011

"ആദമിന്‍റെ മകന്‍ അബു" യഥാര്‍ത്ഥ അബൂക്കയെ നേരില്‍ കണ്ടു..

വാര്‍ത്ത / വിനോദം

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ കരസ്ഥമാക്കിയ "ആദമിന്‍റെ മകന്‍ അബു "എന്ന സിനിമയുടെ പ്രതിഭകള്‍ക്ക്‌  മട്ടന്നൂരില്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പ്.
" ആദമിന്‍റെ മകന്‍ അബു " എന്ന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ച സലിം കുമാറും ജീവിച്ചിരിക്കുന്ന  "അബൂക്ക"യും നേരില്‍ കണ്ടുമുട്ടിയപ്പോള്‍  അതൊരു വ്യത്യസ്ഥാനുഭാവമായി മാറി.അബൂക്കയുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഈ സിനിമയുടെ  തന്നെ സംവിധായകനും ഈ വര്‍ഷത്തെ ഏറ്റവും നല്ല സംവിധയകാനുള്ള  ദേശീയ അവാര്‍ഡു നേടിയ സലിം അഹമ്മദിന്‍റെ എടയന്നൂര്‍ പാലോട്ടു പള്ളിക്ക് സമീപത്തുള്ള വീട്ടില്‍ വച്ചായിരുന്നു ഒത്തുചേരല്‍.തന്‍റെ ജീവിത മുഹൂര്‍ത്തങ്ങള്‍ തന്മയത്തത്തോടെ സിനിമയില്‍ അവതരിപ്പിച്ചതിന് സലിം കുമാറിന് അബൂക്കയുടെ വക ഒരു "അത്തര്‍" സമ്മാനമായി ലഭിച്ചു.
ഈ മാസം 24-ന് കേരളത്തിലെ എല്ലാ തീയേറ്റര്‍കളിലും "ആദാമിന്‍റെ മകന്‍ അബു"  എന്ന സിനിമ റിലീസ് ചെയ്യും.

ജില്ലാ മുഅല്ലിമിന്‍ സംഗമം. എംബ്ലം ക്ഷണിച്ചു....

വാര്‍ത്ത  / മതപരം

കണ്ണൂര്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന മുഅല്ലിമീന്‍ സംഗമത്തിന്‍റെ ഭാഗമായിട്ടുള്ള പ്രചാരണ എംബ്ലത്തിനുള്ള അപേക്ഷ ക്ഷണിച്ചു.ജൂലൈ 13 തളിപ്പറമ്പ് മുല്ലക്കോയ നഗറിലാണ് സംഗമ പരിപാടി.എംബ്ലങ്ങള്‍ തയ്യാറാക്കി അയക്കാന്‍ ഉദ്ദേശിക്കുന്നവര്‍  അബ്ദുല്‍ സമദ്‌ മുട്ടം , ജനറല്‍ സെക്രെട്ടറി , ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക്‌ സെന്‍റെര്‍,കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ജൂണ്‍ 25 - നു മുന്‍പായി അയച്ചു തരേണ്ടതാണ്. "   മതം പഠിക്കാം...മനുഷ്യനാകാം "   എന്നതാണ് സംഗമത്തിന്‍റെ പ്രമേയം.

അക്ഷയ കേന്ദ്രങ്ങള്‍ വഴി വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

 വാര്‍ത്ത / പൊതുവിദ്യാഭ്യാസം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന  വിദ്യാഭ്യാസ ആനൂകുല്യത്തിനു വേണ്ടിയുള്ള ഇ-ഗ്രാന്‍റ്സ് അപേക്ഷകള്‍ ഇനിമുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് സമര്‍പ്പിക്കേണ്ടതെന്നു പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.
സമയബന്ധിതമായി വിദ്യാര്‍ത്ഥികള്‍ക്ക്‌  ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം ജാതി,വരുമാനം,നാറ്റിവിറ്റി,അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകള്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ പോയി ടാറ്റ എന്‍ട്രി നടപടികള്‍ നടത്തണം.ഇത് സ്ഥാപനത്തില്‍ ചേര്‍ന്ന് 10 ദിവസങ്ങള്‍ക്കകം ചെയ്യേണ്ടാതാണ്.ഈ സേവനം  തികച്ചും സൗജന്യമാണ്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700596 എന്ന നമ്പരിലും അക്ഷയ കേന്ദ്രങ്ങളുമായും ബന്ധപ്പെടേണ്ടാതാണ്.

ഇനി മുതല്‍ ഹെല്‍മെറ്റില്ലാതെ ടൂ വീലര്‍ ലൈസന്‍സ്‌ കിട്ടില്ല....

ബ്ലോഗ്‌  / പലവക


കണ്ണൂര്‍: ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടണമെങ്കില്‍ ടെസ്റ്റ്‌ നടക്കുന്ന സമയത്ത് ഹെല്‍മെറ്റ്‌ നിര്‍ബന്ധമായും ധരിച്ചിരിക്കണം.ഇത് സംബന്ധമായ  നിര്‍ദേശം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറില്‍ നിന്നും   മോട്ടോര്‍ വാഹനവകുപ്പിനു ലഭിച്ചു കഴിഞ്ഞു.നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥല മാറ്റം പോലുള്ള കടുത്ത നടപടിയുണ്ടായിരിക്കുന്നതാണ്.
നിലവില്‍ ഹെല്‍മെറ്റ് ധരിക്കല്‍ നിയമം ഉണ്ടെങ്കിലും അത് കര്‍ശനമായി പാലിക്കുന്നില്ല.പരിശോധന ഉദ്യോഗസ്ഥര്‍ ഒരു പേരിനെന്നപോലെ ഇരുചക്രവാഹനക്കാരില്‍ നിന്നും പിഴ ഈടാക്കല്‍ മാത്രമേ ഉള്ളൂ.ഈ അടുത്ത കാലത്തായി ഇരുചക്ര വാഹനാപകടം ഏറി വരുന്നതിനാല്‍ നിയമം കര്‍ശനമായി പാലിക്കാനാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

പരേതയായി......

വാര്‍ത്ത  /  ചരമം

അഞ്ചരക്കണ്ടി:പരേതനായ പുത്തന്‍വളപ്പില്‍ ഗോവിന്ദന്‍റെ ഭാര്യ പുഞ്ഞക്കല്‍ നാണി(80)നിര്യാതയായി.
.മക്കള്‍:നാരായണ്‍(ചെന്നൈ),പദ്മിനി,സുശീല,മോഹന്‍(സൗദി),പ്രേമജ,ശ്രീജ.മരുമക്കള്‍:ലക്ഷ്മി,കൃഷ്ണന്‍,സാദാനന്ദന്‍,പ്രമീള,രാജന്‍.

കണ്ണൂര്‍ മെഡിക്കല്‍കോളേജില്‍ ബി.ഫാം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു...

വാര്‍ത്ത  / വിദ്യാഭ്യാസം

അഞ്ചരക്കണ്ടി : കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോഴ്സ് പ്രവേശനത്തിനുള്ള  അപേക്ഷ ക്ഷണിച്ചു.കമ്പ്യൂട്ടര്‍ ടെക്നോളജി,കണക്ക്,ബയോളജി,ബയോടെക്നോളജി,ഫിസിക്സ്‌,
കെമിസ്ട്രി,ഫിസിക്സ്‌ എന്നീ വിഷയങ്ങള്‍ക്ക് 50%  മാര്‍ക്കോടുകൂടി പ്ലസ്‌ ടു പാസ്സായവര്‍ക്കാണ് പ്രവേശന യോഗ്യത.പിന്നോക്ക വിഭാഗങ്ങള്‍ക്ക് 45% മാര്‍ക്ക് മതിയാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2856420, 9446011400 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tuesday, June 21, 2011

വാഹനാപകടം : ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്.

 വാര്‍ത്ത / പ്രാദേശികം

എളയാവൂര്‍:പഞ്ചായത്തിനു സമീപം ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവര്‍ ആയ ചക്കരക്കല്‍ സ്വദേശി മനീഷ്‌ ( 29 ) എന്ന യുവാവിന് സാരമായി പരിക്ക് പറ്റി.
ടിപ്പര്‍  ലോറിയും ഓട്ടോയും കണ്ണൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്നു.ഇരു ചക്ര വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌.പരിക്കേറ്റയാളെ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കനത്ത മഴ : ചേലേരിയില്‍ വീട് തകര്‍ന്നു.

വാര്‍ത്ത / പ്രാദേശികം

നൂഞ്ഞേരി:ചേലേരി ലക്ഷം വീട് കോളനിയിലെ കാരെന്‍ ബീഫാതിമയുടെ വീട് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു.ബീഫാതിമയും മക്കളുമാണ് ഇവിടെ താമസിച്ചു വന്നിരുന്നത്.
ചേലേരി വില്ലേജ് ഓഫീസര്‍,പഞ്ചായത്ത് പ്രസിഡണ്ട്‌,മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതി ഗതികള്‍ വിലയിരുത്തി.

കനാലില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ‍ശ്രമം നാട്ടുകാര്‍ തടഞ്ഞു...

വാര്‍ത്ത /  പ്രാദേശികം

ചക്കരക്കല്‍: പാനേരിച്ചാല്‍ കനാലില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു.ചക്കരക്കല്ലിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും വാഹനത്തില്‍ കൊണ്ടു  വന്നു കനാലില്‍ തള്ളാനുള്ള ശ്രമമാണ് നാട്ടുകാര്‍ ഇടപെട്ടത്‌ മൂലം തിരികെ കൊണ്ടുപോകേണ്ടിവന്നത്. ഈ കനാലില്‍ അടുത്തകാലത്തായി മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കര്‍മസമിതി രൂപികരിച്ചിരുന്നു. രാത്രി കാലങ്ങളില്‍ ആളൊഴിഞ്ഞ നേരത്താണ് ഇവിടെ മാലിന്യം നിക്ഷേപിക്കാറുള്ളത്. 

പിടികിട്ടാപ്പുള്ളി പിടിയില്‍....

വാര്‍ത്ത / ക്രൈം

ചക്കരക്കല്‍: കവര്‍ച്ചാ കേസ്സില്‍ പ്രതിയായിരുന്ന കാപ്പാട് റഹ്മത്ത് മന്‍സില്‍ അന്‍സാര്‍(35) എന്ന യുവാവ് പോലീസ് പിടിയിലായി.
2006-ല്‍ താമരശ്ശേരി സ്വദേശി അബ്ദുല്‍റഹ്മാനെ ഇരിവേരിമുക്കിലെ ബവോട് റോഡില്‍ നിന്നും വാഹനത്തില്‍  തട്ടികൊണ്ട്പോയി പണം കവര്‍ന്ന കേസിലെ പ്രതിയായിരുന്നു.ചക്കരക്കല്‍ എസ്.ഐ യും സംഘവുമാണ് പിടികൂടിയത്‌.കേസിലെ മറ്റു പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയിതിരുന്നു.

അന്തരിച്ചു....

വാര്‍ത്ത / ചരമം

മുണ്ടേരി :  ഹരിജന്‍ കോളനിക്ക് സമീപം‌ താമസിക്കുന്ന വാസുവിന്‍റെയും സരോജിനിയുടെയും മകനായ ആരംഭന്‍ സജീവന്‍(33) അന്തരിച്ചു.അവിവാഹിതനായിരുന്നു.രാജീവന്‍,ബേബി എന്നിവരാണ് സഹോദരങ്ങള്‍.ശവസംസ്കാരം മുണ്ടേരി സമുദായ ശ്മശാനത്തില്‍.

Monday, June 20, 2011

ചേലേരി മുക്കിലെ വെള്ളക്കെട്ട് : അനധികൃത മതില്‍ പൊളിച്ചു നീക്കി.

വാര്‍ത്ത  / പ്രാദേശികം 
 
നൂഞ്ഞേരി : മുണ്ടേരിക്കടവ്-ചെലെരിമുക്ക് റോഡില്‍ രൂപം കൊണ്ട വെള്ളക്കെട്ട് അനധികൃതമായി പണിത മതില്‍ അധികൃതര്‍ ഇടപെട്ട് പൊളിച്ചു നീക്കിയതിനാല്‍ ഒഴിവായി കിട്ടി.
കൊളച്ചേരി സര്‍വീസ്‌ സഹകരണ ബാങ്കില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് മതില്‍ പൊളിച്ചു മാറ്റി തടസ്സം നീക്കാനുള്ള തീരുമാനം ഉണ്ടായത്‌.വളപട്ടണത്ത് നിന്നും എത്തിയ പോലീസ് സംഘങ്ങളുടെ സാന്നിധ്യത്തിലാണ് മതില്‍ പൊളിച്ചു നീക്കിയത്‌. സര്‍വ്വകക്ഷി യോഗത്തില്‍ ബി.ജെ.പി പങ്കെടുതിരുന്നില്ല.

നിര്യാതനായി.....

 വാര്‍ത്ത / പ്രാദേശികം
മുതുകുറ്റി: നൂറുല്‍ ഹുദ മദ്രസ്സയിക്ക് സമീപം ബൈത്തുല്‍ സഫയില്‍ മൊയ്ദീന്‍(50) നിര്യാതനായി. ഭാര്യ : സാറ. മക്കള്‍: അബ്ദുല്‍ നാസ്സര്‍ ( എഞ്ചിനീയര്‍ , ബാംഗ്ലൂര്‍), നവാസ്‌(ദുബായ്),സിറാജ്,മഫീദ,പരേതയായ റൈഹാനത്ത്. മരുമക്കള്‍: ഹാഷിം ( പോലീസ്,ധര്‍മടം),ഹാജറ,റയീസ.

Sunday, June 19, 2011

മലബാര്‍ അടുക്കള....ഭാഗം - ഒന്ന്

ബ്ലോഗ്‌ / ലേഡീസ് കോര്‍ണര്‍

പാചകം എന്ന്‍ കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുക രുചിയൂറും മലബാര്‍ വിഭവങ്ങളാണ്. ‘മലബാര്‍’ പൊതുവേ ദക്ഷിണേന്ത്യയിലെ മുസ്ലിം പാരമ്പര്യ വിഭവങ്ങളുടെ കലവറ കൂടിയാണ്‌.പെരുന്നാളായാലും കല്യാണമായാലും സല്‍കാരമായാലും ഇനി വേണ്ട നോമ്പ്കാലമായാലും മലബാറില്‍ വിഭവങ്ങള്‍ കൊണ്ട് സമൃദമാണ്.ഏതൊരു ചെറിയ സല്‍കാരമായാലും തീന്മേശയില്‍ ഏറ്റവും കുറഞ്ഞത്‌ അമ്പത് വിഭവങ്ങളെങ്കിലും കാണും.മുട്ടമാല,അലിസ,ഉന്നക്കായ,ഇറച്ചിപ്പത്തിരി,കായട,മീന്‍പത്തിരി,
കിണ്ണപ്പത്തിരി,ആണപ്പത്തിരി(കക്കറോട്ടി),ഇതള്‍ഒറോട്ടി,ഉണ്ടപ്പുട്ട്,
പനിനീര്‍പ്പെട്ടി,നെയ്ചോര്‍,ബിരിയാണി ഇങ്ങനെ നീളും വിഭവങ്ങളുടെ ലിസ്റ്റ്‌.

മലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂരില്‍ "പുതിയാപ്പിള" സല്കാരം ഒന്ന്‍ വേറെ തന്നെയാണ്.കണ്ണൂരിലെ ഏതെങ്കിലും ഒരു മുസ്ലിം വീട്ടില്‍ കല്ല്യണം കഴിഞ്ഞാല്‍ ഒരു  ഒരുപാട്‌ വിഭവങ്ങള്‍ കൊണ്ടാണ് പെണ്‍വീട്ടുകാര്‍ പുതിയാപ്പിളമാരെ സ്വീകരിക്കുന്നത്.തുടര്‍ന്നങ്ങോട്ട് വിഭവങ്ങളുടെ ഉത്സവകാലമാണ്. ’ആട്ടിന്റെ തല  പച്ചവെച്ചത്’ അതില്‍ ഒരു പ്രധാന ഐറ്റം തന്നെ ആണ്.എന്ത് തന്നെ ആയാലും മലബാറുകാരുടെ ഈ പാചക രീതികളെ പകരം വെക്കാന്‍ വേറൊന്നില്ല.
രുചിയൂറും മലബാര്‍ വിഭവങ്ങളുടെ പാചക രീതികള്‍ ഇതാ ഇവിടെ തുടങ്ങുകയായി....

തലശ്ശേരി   ദം ബിരിയാണി
( ഏകദേശം 10 പേര്‍ക്ക് സമൃദമായി കഴിക്കാന്‍ പാകത്തിന് )

നേരിയരി (ബിരിയാണി അരി) – ഒന്നരകിലോ
കോഴിയിറച്ചി             – രണ്ടുകിലോ
സവാള                  – ഒരുകിലോ
തക്കാളി                 -   250 ഗ്രാം
പച്ചമുളക്                – 75 ഗ്രാം
ഇഞ്ചി                  –  75 ഗ്രാം
വെളുത്തുള്ളി             –75 ഗ്രാം
ചെറുനാരങ്ങാനീര്         -മൂന്ന്‍ വലിയ സ്പൂണ്‍ 
മല്ലിയില                – ഒരുപിടി
മഞ്ഞള്‍പ്പൊടി      –രണ്ടു ചെറിയ സ്പൂണ്‍
ഗരംമസാലപ്പൊടി    – ഒരു വലിയ സ്പൂണ്‍
പട്ട,ഗ്രാമ്പു,ഏലക്കായ – ആവശ്യത്തിന്
പനിനീര്‍          - രണ്ടു വലിയ സ്പൂണ്‍
നെയ്യ്‌            - ആറു വലിയ സ്പൂണ്‍
അണ്ടിപ്പരിപ്പ്      -   50 ഗ്രാം
മുന്തിരി          - 50 ഗ്രാം
എണ്ണ            – 100 മില്ലി
ഉപ്പ്             - ആവശ്യത്തിന്
പാകം ചെയുന്ന വിധം
മസാല തയ്യാറാക്കുന്ന രീതി  
ഒരു ചെമ്പില്‍ എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടായാല്‍  സവാളയും ഉപ്പും ഇട്ട് നന്നായി വഴറ്റുക.സവാള നല്ലവണ്ണം വാടിയാതിനു ശേഷം മാത്രം തക്കാളി ഇടുക. പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും മിക്സ്‌യില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത്‌ ഇടുക.പിന്നീട് മഞ്ഞള്‍പ്പൊടിയും ഇട്ട് നന്നായി ഇളക്കിക്കൊടുക്കുക. തക്കാളി നല്ലവണ്ണം ഉടഞ്ഞുവന്നാല്‍ ഇറച്ചിക്കഷണങ്ങളും ഗരംമസാലപ്പൊടിയും ഇട്ട്‌ മൂടിവെച്ച് ചെറുതീയില്‍ മസാല വേവിച്ചെടുക്കുക. അതിന് ശേഷം  ചെരുനനാരങ്ങ നീരോഴിച്ച് ഇറക്കി വെക്കുക.
ചോറ് തയ്യാറാക്കാന്‍
ഒരു കപ്പു അരിക്ക് ഒന്നരക്കപ്പ് വെള്ളം എന്ന അളവില്‍ വെള്ളം ചൂടാക്കുക.അരി നല്ലവണ്ണം കഴുകി ഒരു അരിപ്പയില്‍ വെള്ളം വാരാന്‍ വെക്കുക.  ബിരിയാനിച്ചെമ്ബ് അടുപ്പില്‍ വെച്ച് ചൂടായാല്‍ നെയ്യൊഴിച്ച് ഒരു പിടി സവാള അറിഞ്ഞതിട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ അരി ഇതിലെക്കിടുക. ഒരു ചട്ടുകം ഉപയോഗിച്ച് നന്നായി ഇളക്കിക്കൊടുക്കുക.അരി നല്ലവണ്ണം വറുത്തുവന്നാല്‍ കറുവപ്പട്ട, ഗ്രാമ്പു,
ഏലക്കായ എന്നിവ ഇടുക. പന്നെ ചൂടായ വെള്ളം ഒഴിക്കുക. മൂടി അടച്ചുവെച്ച് ചെറിയ തീയില്‍ വേകാന്‍ അനുവദിക്കുക.
ബിരിയാണി ദം ആക്കല്‍
ബിരിയാണി ചെമ്ബിലെ മുക്കാല്‍ ഭാഗം ചോറ് വേറൊരു ചെമ്പില്‍ മാറ്റി  അടുപ്പില്‍ ചെറിയ തീയില്‍ കത്തിച്ച്‌ ബാക്കി കാല്‍ഭാഗം ചോറിനു മുകളില്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന  മസാലയുടെ കാല്‍ഭാഗം ഇട്ട്‌ കുറച്ചു മല്ലിയില കുറച്ചു മസാലപ്പൊടി എനിവ തൂകുക. അല്പം ചോറ് അവിടെ എടുത്ത് വെച്ച് ബാക്കി ചോറും മസാലയും ഇത്പോലെ ലെയര്‍ ലെയരായി ഇട്ട്‌  പോരുക.അവസാനത്തെ ലെയര്‍ ചോറായിരിക്കണം. അതിന്ശേഷം എടുത്ത്തുവെചിരികുന്ന ചോറില്‍ കുറച്ച മഞ്ഞ കളര്‍ വെള്ളത്തില്‍ കലക്കി ഒഴിച്ച് മഞ്ഞ ചോറ് ഉണ്ടാക്കുക. ഇത്‌ ചോറിന്റെ മുകളില്‍ അവിടെ അവിടെ ആയി തൂകുക.ഒരു വലിയ സ്പൂണ്‍ പനിനീരെടുത്ത് അതിന്‍ മുകളില്‍ കുടഞ്ഞുകൊടുക്കുക. കുറച്ച്‌നെയ്യില്‍ അണ്ടിയും കിസ്മിസും സവാളയും വറുത്ത്‌ ഇതിനു മുകളില്‍ തൂകുക. അതിനുശേഷം ചെമ്പടച്ച് വെച്ച് അതിനുമുകളില്‍ അല്പം ഭാരമുള്ള ചെമ്പോ പാത്രമോഎടുത്ത് വെക്കുക.ഒരു പത്ത് മിനുട്ട് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുക.
രുചിയൂറും തലശ്ശേരി ബിരിയാണി റെഡി.

ഈ പാചക കുറിപ്പ് അയച്ചു തന്നത്.
ശബാന K.M, Kannur

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു...

വാര്‍ത്ത  / പ്രാദേശികം

കുറ്റിയാട്ടൂര്‍: വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷ  അഞ്ജാതരായ ഒരു സംഘം  ആളുകള്‍ കഴിഞ്ഞ രാത്രി തീയിട്ടു നശിപ്പിച്ചു.വേശാലയിലുള്ള കോണ്‍ഗ്രസ്‌ അനുഭാവികൂടിയായ സി .എം പ്രദീപ്‌ എന്ന ആളുടെതാണ്  KL-13 J 4146 എന്ന രജിസ്ട്രേഷനിലുള്ള ആക്രമത്തിനിരയാക്കിയ ഈ ഓട്ടോറിക്ഷ.
കഴിഞ്ഞ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി പ്രദീപ്‌ മത്സരിച്ചിരുന്നു.സി പി എം പ്രവര്‍ത്തകരാണ് സംഭവത്തിന്‌ പിന്നിലെന്ന് കോണ്‍ഗ്രസ്‌ കമ്മിറ്റി ആരോപിച്ചു.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈയടുത്ത  കാലത്ത്‌ വേശാല പ്രദേശത്ത്‌ ആക്രമ സംഭവങ്ങള്‍ അരങ്ങേറി വരുന്നതില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.